സംസ്ഥാനത്ത് തെരുവു നായ്ക്കളെ കൊല്ലുന്ന സംഭവങ്ങളില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഡി.ജി.പിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയോട് കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പന്ത്രണ്ടോളം തെരുവ് നായകളെയാണ് കഴിഞ്ഞ ദിവസം കോട്ടയം മുളക്കുളം കാരിക്കോട് മേഖലയില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ ഭാഗങ്ങളിലാണ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്. കൊച്ചി ഏരൂരിലും നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.കോട്ടയം പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടി തൂക്കുകയും ചെയ്തിരുന്ന
അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരില്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത് ഇന്നലെയാണ്. നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണല്‍ ലാബിലേക്ക് കൈമാറിയിട്ടുണ്ട്.
പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. ശല്യം രൂക്ഷമായതോടെ നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് നിഗമനം. ഏത് വിഷമാണ് നല്‍കിയതെന്ന് തിരിച്ചറിയുന്നതോടെയാണ് ഉദ്യോഗസ്ഥര്‍ മറ്റ് നടപടികളിലേക്ക് കടക്കുക.
നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയതില്‍ പ്രതിഷേധമറിയിച്ച് മൃഗസ്നേഹികള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്നും നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. വളര്‍ത്തു മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചു.


