വ്യാജ ആരോപണം നടത്തുകയാണ് പ്രമുഖ മലയാളപത്രവും ചില രാഷ്ട്രീയ നേതാക്കളുമെന്ന് മന്ത്രി ഇ പി ജയരാജന്റെ കുടുംബം. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യവസായമന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയും മകന് ജയ്സണും പറഞ്ഞു. തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് രണ്ടു ദിവസമായി പത്രം തങ്ങള്‍ക്കെതിരെ മെനയുന്നത്. ഇത് ഏറ്റുപിടിച്ച് ബിജെപി, യുഡിഎഫ് നേതാക്കളും ക്രൂരമായ ആക്ഷേപവുമായി രംഗത്തുവന്നിട്ടുണ്ട്.
പൊതുപ്രവര്ത്തകന് എന്ന നിലയില്‍ മന്ത്രിക്കെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ മന്ത്രിയുടെ ഭാര്യയ്ക്കും മക്കള്‍ക്കുമെതിരെ മനസ്സാക്ഷിക്കു നിരക്കാത്ത ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് കടന്നകൈയാണ്. ഇതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും സിപിഎം നേതാക്കള്‍ പറയുന്നു.
സാമാന്യമായ എല്ലാ മാധ്യമമര്യാദകളും ലംഘിക്കുന്നതാണ് പത്രം തിങ്കളാഴ്ച ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരക്കെതിരെ നല്കിയ വാര്‍ത്ത. പി കെ ഇന്ദിര ക്വാറന്റൈന് ലംഘിച്ച് ബാങ്കിലെത്തി ലോക്കര്‍ തുറന്നുവെന്ന പത്രത്തിന്റെ കണ്ടെത്തല്‍ പച്ചക്കള്ളമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ പങ്കെടുത്ത മന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇ പി ജയരാജനാണ് സ്വയംനിരീക്ഷണത്തില്‍ പോയത്. ഭാര്യ ഇന്ദിര ക്വാറന്റൈനിലായിരുന്നില്ല. പേരക്കുട്ടിയുടെ പിറന്നാള്‍ പ്രമാണിച്ച് കേരളബാങ്ക് കണ്ണൂര്‍ ശാഖയിലെ ലോക്കറിലുള്ള, കുട്ടികളുടെ ആഭരണം എടുക്കാനാണ് അവര്‍ പോയത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇടപാടുകള്‍ നടത്തിയതും. യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ച് ഒരു ധാര്‍മികതയുമില്ലാതെ കള്ളം പ്രചരിപ്പിക്കുകയാണ് പത്രമെന്നും നേതാക്കള്‍ പരയുന്നു.
ഞായറാഴ്ച മകന് ജയ്സനെതിരെയും ഇതുപോലെ ഒരടിസ്ഥാനവുമില്ലാത്ത വാര്‍ത്ത നല്കി. അടിസ്ഥാനരഹിത വാര്‍ത്ത എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടെന്ന നിലയിലാണ് ബിജെപി നേതാവ് കെ സുരേന്ദ്രന് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്. പത്രത്തിനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഇ പി ജയരാജനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.