മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ അധ്യാപകന് ജീവനൊടുക്കിയ നിലയില്‍. ചിത്രകാരനും കലാസംവിധായകനുമായ മലപ്പുറം വലിയോറയിലെ സുരേഷ് ചാലിയത്താണ് മനംനൊന്ത് ജീവനൊടുക്കിയത്. സ്ത്രീയുമായി ചാറ്റ് ചെയ്തെന്നാരോപിച്ചാണ് രണ്ടു വാഹനങ്ങളിലെത്തിയ സംഘം ആക്രമിച്ചത്.
പ്രശസ്ത ചിത്രകാരനും സ്കൂള്‍ അധ്യാപകനും സിനിമാ സാംസ്കാരികമേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉണ്ണികൃഷ്ണന് ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു. മലപ്പുറത്തെ സാംസ്കാരിക കൂട്ടായ്മയായ ‘രശ്മി’യുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു സുരേഷ്.
ഒരു സ്ത്രീയുമായി വാട്സാപ്പില്‍ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് ഒരു സംഘമാളുകള്‍ രണ്ട് ദിവസം മുമ്പ് സുരേഷിനെ ആക്രമിച്ചത്. സുരേഷിന്റെ സുഹൃത്തായിരുന്നു ഈ സ്ത്രീ. സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ചാണ് അക്രമി സംഘം സുരേഷിനെ മര്‍ദ്ദിച്ചത്. അക്രമി സംഘം അസഭ്യ വര്‍ഷവും സുരേഷിന് നേരെ നടത്തിയെന്നാണ് വിവരം.
സ്വന്തം വീട്ടുകാരുടെ മുന്നില്‍വച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്റെ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സുരേഷ് എന്നാണ് കൂട്ടുകാര്‍ അടക്കമുള്ളവര്‍ പറയുന്നത്. അപമാനം താങ്ങാനാവാതെയാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് വീട്ടിനുള്ളില്‍ സുരേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുരേഷ് ചാലിയത്തിന്റെ നിര്യാണത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അനുശോചന പ്രവാഹമാണ്.


