കോട്ടയം: കേരളാ കോൺഗ്രസ് എം ഉടൻ എൽഡിഎഫ് വിട്ടേക്കില്ല. നേതാക്കളുമായി ജോസ് കെ. മാണി നടത്തിയ ചർച്ചയിൽ ഉടൻ മുന്നണി വിടേണ്ടന്ന ധാരണയിൽ എത്തിയതായി സൂചന. മുന്നണി മാറ്റം സംബന്ധിച്ച പാർട്ടി നിലപാട് ചെയർമാൻ ജോസ് കെ. മാണി വാർത്താസമ്മേളനത്തിൽ അറിയിക്കും. 11.30നാണ് വാർത്താസമ്മേളനം.
അതേസമയം മുന്നണിമാറ്റത്തിൽ എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കലും ജോബ് മൈക്കിളും നിലപാട് വ്യക്തമാക്കി. പാർട്ടി ചെയർമാൻ ജോസ് കെ മാണിയെടുക്കുന്ന തീരുമാനത്തിനൊപ്പമെന്നാണ് ഇരുവരുടെയും നിലപാട്. ഇടതുപക്ഷത്തിനൊപ്പമെന്ന് ആവർത്തിക്കുകയാണ് റാന്നി എംഎൽഎ പ്രമോദ് നാരായണൻ പ്രതികരിച്ചു. പാർട്ടിയിൽ ഭിന്നസ്വരം ഉയർന്നതിന് പിന്നാലെയാണ് കേരളാ കോൺഗ്രസ് എമ്മിന്റെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചത്. ഈ മാസം എട്ടിനാണ് യോഗം അറിയിച്ചുള്ള കത്ത് നൽകിയത്.
യുഡിഎഫ് പ്രവേശനത്തെ ചൊല്ലി കേരള കോൺഗ്രസ് എമ്മിനകത്ത് രൂക്ഷമായ ഭിന്നത നിലനിൽക്കുന്നുണ്ടായിരുന്നു. യുഡിഎഫിലേക്കുളള മടങ്ങിപോക്കിനോട് മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയ്ക്കും യോജിപ്പുണ്ടായിരുന്നില്ല. ഇടത് മുന്നണിയിൽ തുടരും എന്ന് ഫേസ്ബുക്കിൽ ഇരുവരും പോസ്റ്റ് ഇട്ടിരുന്നു.


