മാസപ്പടി കേസിൽ നിർണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴിയെടുത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. ചെന്നൈയിലെ ഓഫീസിലാണ് മൊഴിയെടുത്തത്കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണാ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. 2 വട്ടം വീണയിൽ നിന്നും മൊഴിയെടുത്തതായാണ് സൂചന.
എസ്എഫ്ഐഒ അന്വേഷണം ഈ മാസം അവസാനിരിക്കെയാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. 8 മാസമായിരുന്നു അന്വേഷണത്തിന്റെ സമയപരിധി. അന്വേഷണ റിപ്പോർട്ട് ഭാഗികമായി തയ്യാറായതായാണ് സൂചന. എസ് എഫ് ഐ ഒ അന്വേഷണം നിയമവിരുദ്ധമാണെന്ന സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതിയിലുണ്ട്. ഇതിൽ തീരുമാനമാകും വരെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കോടതി സ്റ്റേ ഏർപ്പെടുത്തിയിരുന്നു. നവംബർ 12 വരെയാണ് സ്റ്റേ. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അന്വേഷണത്തിലെ കണ്ടത്തലുകൾ എസ്എഫ്ഐഒ കോടതിയെ അറിയിക്കും.
കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (sfio) ഏറ്റെടുത്തത്. വീണയ്ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും നേരത്തെ എസ് എഫ് ഐ ഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കും കെഎസ്ഐഡിസിയുമടക്കം അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സിഎംആർഎൽ ആർക്കൊക്കെ പണം, എന്തിനൊക്കെ പണം നൽകിയെന്നത് അന്വേഷിക്കണം എന്നാണ് പരാതിക്കാരനായ ഷോൺ ജോർജ്ജിന്റെ പ്രധാന ആവശ്യം.


