കന്നഡ നടിയും അവതാരകയുമായ അപർണ വസ്താരെ (57) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്നായിരുന്നു അന്ത്യം.കഴിഞ്ഞ രണ്ട് വർഷമായി ശ്വാസകോശ അർബുദവുമായി മല്ലിടുകയായിരുന്നു അപർണയെന്ന് ഭർത്താവ് നാഗരാജ് വസ്തരെ അറിയിച്ചു.
1984-ൽ പുറത്തിറങ്ങിയ, പുട്ടണ്ണ കനഗലിന്റെ ‘മസനദ ഹൂവു’വിലൂടെയാണ് സിനിമാ നടിയായി ശ്രദ്ധനേടിയത്. 1993-ൽ ആകാശവാണിയിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ചു.കന്നഡ ടെലിവിഷൻ പരിപാടികളിലെ ജനപ്രിയ മുഖമായിരുന്നു അപർണയുടേത്. പ്രേക്ഷകരെ ആകർഷിക്കുന്ന ശബ്ദത്തിനുടമയായ അപർണയുടെ അവതരണങ്ങൾ ജനശ്രദ്ധയാകർഷിച്ചു. എഐആർ എഫ്.എം റെയിൻബോയുടെ ആദ്യ അവതാരകയായിരുന്നു.ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടിയ താരം ഡി ഡി ചന്ദനയിൽ ഉൾപ്പടെ ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. 2013 ൽ ബിഗ് ബോസ് കന്നഡ ഷോയിലും പങ്കെടുത്തു. ഇതിന് പുറമെ മെട്രോ അറിയിപ്പുകൾക്ക് ശബ്ദം നൽകിയ കലാകാരി കൂടിയാണ് അപർണ.


