തിരുവനന്തപുരം: തനിക്ക് ലക്ഷങ്ങളുടെ കട ബാധ്യതയുണ്ടെന്നും, ഈ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കണമെന്നും എന്‍ഐഎയുടെ പിടിയിലാകും മുന്‍പ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ പറഞ്ഞിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍. ശനിയാഴ്ച ഉച്ചയ്ക്ക് ഫോണില്‍ ബന്ധപ്പെട്ടായിരുന്നു മകന് ഇങ്ങനെ ആവശ്യപ്പെട്ടതെന്നും അമ്മ ഉഷ വെളിപ്പെടുത്തി. സ്വപ്ന പാവമാണെന്നും തനിക്ക് സഹായങ്ങള്‍ ചെയ്തത് സ്വപ്നയാണെന്നും മകന് പറഞ്ഞെന്നും മാതാവിന്റെ വെളിപ്പെടുത്തല്‍.
കട ബാധ്യതയുടെ കണക്കും വിശ്വാസ്യതയ്ക്ക് വേണ്ടി പാന്‍കാര്‍ഡ് നമ്പറും നല്കി. സ്വര്‍ണക്കടത്തിലൂടെ താന്‍ പണം സമ്പാദിച്ചില്ല, ഇത് വ്യാജപ്രചാരണമാണ്. ലക്ഷങ്ങളുടെ കടമാണ് തനിക്കുള്ളതെന്നും എല്ലാം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമക്കുന്നുണ്ടെന്നും സന്ദീപ് അമ്മയോട് പറഞ്ഞു. ഇതെല്ലാം മാധ്യമങ്ങളെ അറിയിക്കാന്‍ അമ്മയോട് പറഞ്ഞതായാണ് വെളിപ്പെടുത്തല്‍. സന്ദീപ് ഭാര്യ സൗമ്യയോടും ഫോണില്‍ സംസാരിച്ചിരുന്നു. ഫോണ്‍ വിളിച്ചതിന് പിന്നാലെ സന്ദീപിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുകയും സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച നിരവധി സാധനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സന്ദീപ് ഭാര്യയുടെ പേരിലും ലോണ്‍ എടുത്തിട്ടുണ്ട്.


