കൊച്ചി: അത്യപൂര്‍വമായ ലൈം രോഗം എറണാകുളം ജില്ലയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരുമ്ബാവൂര്‍ കൂവപ്പടി സ്വദേശിയായ 56കാരനിലാണ് രോഗം സ്ഥിരീകരിച്ചത്.
പത്തു വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്തു വീണ്ടും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.
വിട്ടുമാറാത്ത കടുത്ത പനിയും തലവേദനയും മുട്ടിനു നീരും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രോഗിയെ ഡിസംബര്‍ ആറിന് എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ മെനിഞ്ചൈറ്റിസ് ബാധിച്ചിരുന്നു. ശരീരം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ വൃഷ്ണ സഞ്ചിയില്‍ അള്‍സറിനു സമാനമായ മുറിവ് കണ്ടെത്തി.
ഏതെങ്കിലും ചെറുജീവി കടിച്ചതാകാമെന്ന സാധ്യതയില്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. തുടര്‍ന്ന് ഒരുതരം ചെറുവണ്ടുകള്‍ പരത്തുന്ന ബാക്ടീരിയ അണുബാധ മൂലമുണ്ടാകുന്ന ലൈം രോഗമാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും ഡിസംബര്‍ 26ന് രോഗി ആശുപത്രി വിടുകയും ചെയ്തു.
ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. അവിടെയും രോഗം സ്ഥിരീകരിച്ചു. കര്‍ഷകനായ രോഗിക്ക് കൃഷിസ്ഥലത്തുവച്ചാകാം വണ്ട് കടിച്ചതെന്നാണ് സംശയിക്കുന്നത്.


