മലപ്പുറം: കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് പിടിയില്‍. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടന് പ്ലാക്കില്‍ അസ്മാബീവിയെ (32) ആണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ അസ്മാബീവി തന്റെ അടിവസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചുകൊണ്ടുവന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകള്‍ ആണ് കസ്റ്റംസ് പിടികൂടിയത്.
പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണപ്പണിക്കാരന്റെ സഹായത്തോടെ സ്വര്‍ണം വേര്‍തിരിച്ചെടുത്തപ്പോള്‍ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വര്‍ണം ലഭിച്ചു. അസ്മാബീവിയുടെ അറസ്റ്റും മറ്റു തുടര്‍നടപടികളും കസ്റ്റംസ് സ്വീകരിച്ചു വരികയാണ് എന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം തുടങ്ങി. ഡെപ്യൂട്ടി കമ്മീഷണര്‍ ആനന്ദ് കുമാറിന്റെ നേതൃത്വത്തിലാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.


