ചൂരൽമാലിൽ ഉരുൾപൊട്ടലിൽ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
സഹോദരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ബത്തേരി ആശുപത്രിയിൽ വച്ച് ജെൻസനെ കണ്ടു. തുടർന്ന് ജെൻസൻ്റെ മൃതദേഹം അമ്പലവയയിലെ ആണ്ടൂരിലേക്ക് എത്തിച്ചു. ഇവിടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. നിരവധി പേരാണ് ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ശവസംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് ആണ്ടൂര്‍ നിത്യാശയമാതാ പള്ളി സെമിത്തേരിയിൽ. ജെൻസന്റേയും ശ്രുതിയുടേയും വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് അപകടം ഉണ്ടായതും ജെൻസൺ മരിക്കുന്നതും.
ഉരുൾപൊട്ടലിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരണപ്പെട്ടു. അഛൻ്റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേരെ ദുരന്തത്തിൽ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ കെട്ടുപണിക്കാരനും അമ്മ ഷോപ്പിൽ ജോലി ചെയ്യുകയുമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മുൻ മെമ്പർ കൂടിയായിരുന്നു അമ്മ സബിത. കൽപ്പറ്റ എൻഎംഎസ് എം ഗവ കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജത്തി ശ്രേയ. ഉരുൾപൊട്ടലിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്കാര ചടങ്ങുകൾ നടത്താനായി. എന്നാൽ ഡിഎൻഎ പരിശോധനയുടെ ഫലം വന്ന ശേഷമാണ് അമ്മയെ തിരിച്ചറിഞ്ഞത്.