മലപ്പുറം: മനസ് കുറ്റബോധം കൊണ്ട് തകരാത്ത ഒരു ദിവസവും ജി.സുധാകരന്റെ മുന്നിലുണ്ടാവില്ലെന്ന് സിപിഎം മുതിർന്ന നേതാവ് എ.കെ ബാലൻ. ‘ഇടതുപക്ഷ പ്രസ്ഥാനം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കോൺഗ്രസിനൊപ്പം പോയി സ്ഥാനാർഥിയായി മത്സരിക്കാൻ അദ്ദേഹത്തിന് എങ്ങനെ സാധിക്കും? പാർട്ടി നയത്തോട് വിയോജിപ്പില്ലാത്ത സുധാകരന് എന്ത് സംഭവിച്ചു? ആകെ സംഭവിച്ചത് അദ്ദേഹത്തിന് നിയമസഭയിൽ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അതിന് സാധാരണ നിലയിൽ കഴിയില്ല. 75 കഴിഞ്ഞ പ്രായം കഴിഞ്ഞ ഞങ്ങളെല്ലാവരും ഒഴിവായത് പാർട്ടി കോൺഗ്രസിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാ’ണെന്നും എ.കെ ബാലൻ പറഞ്ഞു.
‘രക്തസാക്ഷി കുടുംബത്തിലെ അംഗം എങ്ങനെ ഇപ്രകാരം അധഃപതിച്ചു എന്നതിന് മറുപടി നൽകേണ്ടത് സുധാകരനാണ്. സുധാകരൻ അദ്ദേഹത്തിന്റെ മനസ്സ് തിരുത്തും. മനസ് കുറ്റബോധം കൊണ്ട് തകരാത്ത ഒരു ദിവസവും അദ്ദേഹത്തിന്റെ മുന്നിലുണ്ടാവില്ലെന്ന് അദ്ദേഹത്തെ നന്നായി അറിയുന്നത് കൊണ്ടാണ് ഞാനത് പറയുന്നത്. തൊഴിലാളി വർഗ കൂറുമുള്ള ഒരുമനസ് ചെങ്കൊടി കണ്ടാലും രക്തസാക്ഷി സ്തൂഭം കണ്ടാലും മുദ്രാവാക്യം വിളിച്ചു പോവും. കോൺഗ്രസുമായി ഒത്തുപോവാൻ അദ്ദേഹത്തിന് സാധിക്കില്ല. വർഷങ്ങൾക്ക് പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് എടുത്തപ്പോൾ വേണ്ടെന്ന് അദ്ദേഹം തന്നെ പറയുകയായിരുന്നു’വെന്നും എ.കെ ബാലൻ പറഞ്ഞു.


