കൊച്ചി: പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വീണ്ടും കണ്ടുമുട്ടിയ കമിതാക്കളായിരുന്ന സഹപാഠികള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. മൂവാറ്റുപുഴയിലെ ഒരു ക്യാമ്പസില്‍ നടന്ന 1987 ബാച്ച് പത്താംക്ലാസുകാരുടെ സംഗമത്തിലാണ് അന്‍പതു വയസു കഴിഞ്ഞ മൂവാറ്റുപുഴക്കാരുടെ ഒളിച്ചോട്ടം.
മൂവാറ്റുപുഴയില്‍ നിന്നും ഇടുക്കി കരിമണ്ണൂരേക്ക് വിവാഹം കഴിച്ച് അയച്ച പെണ്‍കുട്ടിയും തൃക്കളത്തൂരുകാരനായ യുവാവുമാണ് 35 കൊല്ലത്തിന് ശേഷം വാര്‍ദ്ധക്യത്തില്‍ കണ്ടുമുട്ടിയതിന് പിന്നാലെ ഒളിച്ചോടിയത്. മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷമാണ് ഇരുവരും നാടുവിട്ടത്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മയും ഭാര്യയേയും കുട്ടികളെയും ഉപേക്ഷിച്ച് ഗ്രഹനാഥനും നാടുവിട്ടതോടെ ഇരുവീട്ടുകാരും പരാതിയുമായി പൊലിസിലെത്തുകയായിരുന്നു.
ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് കരിമണ്ണൂര്‍ പൊലീസിലും ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് മൂവാറ്റുപുഴ സ്വദേശിയുടെ ഭാര്യയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചാരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് മൂവാറ്റുപുഴ പൊലീസ് ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ശനിയാഴ്ച ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിച്ചേരുകയായിരുന്നു. ഇരുവരെയും കാണാതായത് സംബന്ധിച്ച് അതത് പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.