തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടുചെയ്യാനെത്തുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആദ്യ പീഡനക്കേസില്‍ ഹൈക്കോടതി ഡിസംബര്‍ 15 വരെ അറസ്റ്റ് തടയുകയും രണ്ടാമത്തെ പീഡനക്കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തതോടെ 13 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുല്‍ പുറത്തുവന്നേക്കുമെന്നും വോട്ട് രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. രാഹുല്‍ എത്തിയാല്‍ അത് തിരഞ്ഞെടുപ്പിനെയാകെ എങ്ങനെ ബാധിക്കും പ്രതിഷേധങ്ങള്‍ ഉണ്ടാകുമോ ബൂത്തില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമോ രാഹുലിനൊപ്പം ആരൊക്കെയെത്തും തുടങ്ങിയ വളരെ പ്രധാനപ്പെട്ട ചില ആകാംഷകളാണ് ഏവര്‍ക്കുമുള്ളത്.രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തിലാണ് വോട്ട്. പാലക്കാട് നഗരസഭയിലെ 24ാം വാർഡാണിത്. ഈ വാർഡിൽ രാഹുൽ നേരത്തെ പ്രചാരണം നടത്തിയിരുന്നു. രാഹുൽ വോട്ട് ചെയ്യാൻ എത്തും എന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്. വൈകുന്നേരം 5നും 6നും ഇടയിൽ എത്തുമെന്നാണ് രാഹുലുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. രാഹുൽ എത്തിയാൽ ഡി വൈ എഫ് ഐയും ബി ജെ പിയും പോളിങ് ബൂത്തിനരികെ പ്രതിഷേധിക്കും. അതിനാൽ കൂടുതൽ പൊലീസിനെ സ്ഥലത്തു നിയോഗിച്ചിട്ടുണ്ട്.
രാഹുലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്
രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, വസ്തുതകൾ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദം. സമൂഹത്തിൽ മാതൃകാപരമായി പെരുമാറേണ്ട ഒരു എം.എൽ.എക്കെതിരെയാണ് പരാതി. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടിലാണ് സർക്കാർ.


