വരന്തരപ്പിള്ളി: മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും നിയമ സഹായത്തോടെ കാമുകിയെ മോചിപ്പിച്ച് കഴിഞ്ഞദിവസം രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് വിവാഹം ചെയ്ത ഗഫൂര്‍ എന്ന യുവാവ് തൊട്ടടുത്ത ദിവസം പണം കവര്‍ന്ന കേസില്‍ അറസ്റ്റില്‍. കാമുകിയെ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലൂടെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത വേലൂപ്പാടം എടകണ്ടന്‍ വീട്ടില്‍ ഗഫൂര്‍ (31) ആണ് സദാചാര ഗുണ്ട ചമഞ്ഞ് യുവാവിന്റെ പണം തട്ടിയ കേസില്‍ അറസ്റ്റിലായത്. വയനാട് സ്വദേശിയായ 23കാരനെ ഗഫൂറും സംഘവും നഗ്നനാക്കി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണ മോതിരവും കവര്‍ന്ന കേസിലാണ് അറസ്റ്റുണ്ടായത്.
മേലേപുരയിടത്തില്‍ ഹഫീസ് (30), എടകണ്ടന്‍ വീട്ടില്‍ മുഹമ്മദ് റഫീഖ് (29), കാരികുളം കടവ് നൊച്ചി ശ്രുതീഷ് കുമാര്‍ (25) എന്നിവരും കേസില്‍ അറസ്റ്റിലായി. ഏപ്രില്‍ 7ന് വേലൂപ്പാടത്തെ കാമുകിയുടെ അടുത്തെത്തിയ വയനാട് സ്വദേശിയെ തടഞ്ഞുനിര്‍ത്തിയാണ് ഗഫൂറും സംഘവും അതിക്രമം നടത്തി പണം കവര്‍ന്നത്. അര പവന്റെ സ്വര്‍ണ്ണമോതിരം കൈക്കലാക്കിയ സംഘം ഇയാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 4900 രൂപയും പിന്‍വലിച്ചു. പിന്നീട് ബന്ധുവിനെ കൊണ്ട് 15,000 രൂപ ബാങ്കില്‍ അടപ്പിച്ച് ആ തുകയും പിന്‍വലിച്ചു. കഴിഞ്ഞ മാസമാണ് യുവാവ് കേസില്‍ പരാതി നല്‍കിയത്.
യുവാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ്, എസ്എച്ച്ഒ ജയകൃഷ്ണന്, എസ്ഐ ഐസി ചിത്തരഞ്ജന് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും അറസ്റ്റിലേക്ക് നീങ്ങുകയുമായിരുന്നു. ഗഫൂറുമായി ഏഴ് വര്‍ഷം പ്രണയത്തിലായിരുന്ന പെരിന്തല്‍മണ്ണ സ്വദേശിനിയെ പ്രണയബന്ധം മുടക്കാന്‍ ബന്ധുക്കള്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചിരുന്നു. പിന്നീട് കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് യുവതിയെ മോചിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഗഫൂര്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തത്.


