കേരളത്തിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നതിനിടെയാണ് എച്ച്1എൻ1 ബാധയുണ്ടായത്. മലപ്പുറത്ത് 12 പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. ജൂലൈ 1 മുതൽ ജൂലൈ 7 വരെ എച്ച് 1 എൻ 1 പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണമാണിത്. ഈ വർഷം പ്രദേശത്ത് 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. അണുബാധയ്ക്കുള്ള സാധ്യത വർധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കേരളത്തിൽ അങ്ങോളമിങ്ങോളം പനിയാണ്. ഡെങ്കിപ്പനി, എലിപ്പനി, കോളറ, എച്ച്1എൻ1, വെസ്റ്റ് നൈൽ, അമീബിക് എൻസെഫലൈറ്റിസ്, അങ്ങനെ പട്ടിക നീളുന്നു. തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു. ഇതോടെ കേരളം അതീവ ജാഗ്രതയിലാണ്. മാത്രമല്ല, ഡെങ്കിപ്പനി പടരുന്നതിൽ കേരളവും ആശങ്കയിലാണ്. ഒരാഴ്ചയ്ക്കിടെ 8,379 പേർക്കാണ് പനി ബാധിച്ചത്. ഇന്നലെ 24 മണിക്കൂറിനുള്ളിൽ 13,756 പേർ വിവിധ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.