കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടു പോകില്ല. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറ്റുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂര്‍ണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയില്‍ തന്നെ തുടരുമെന്നും ക്ലബ്ബ് അറിയിച്ചു . കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ദശലക്ഷ കണക്കിന് ആരാധകരാണുള്ളത്.
അതുകൊണ്ടുതന്നെ കേരളമാകമാനമുള്ള ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാനും, അതിനോടൊപ്പം കേരളത്തിന്റെ മനസിലെ ഫുട്ബാള്‍ എന്ന വികാരത്തെ കൂടുതല്‍ തീവ്രമായി വ്യാപിപ്പിക്കുന്നതിനും ക്ലബ് ആഗ്രഹിക്കുന്നു. അതിനായി സംസ്ഥാനത്തെ ഇത്തരത്തില്‍ സൗകര്യങ്ങളുള്ള മൈതാനങ്ങള്‍ കണ്ടെത്താനും, അവയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുമുള്ള പരിശ്രമങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് തുടരുകതന്നെ ചെയ്യുമെന്നും ക്ലബ്ബ് അറിയിച്ചു.
കൂടാതെ കേരളത്തിലെ മികച്ച കളിക്കാരെ ‘പ്രൊഫഷണല്‍ ഫുട്ബോളര്‍മാരായി’ വാര്‍ത്തെടുത്ത്, അവരെ അന്താരാഷ്ട മത്സരങ്ങളില്‍ നമ്മുടെ സംസ്ഥാനത്തെയും, രാജ്യത്തെയും പ്രതിനിധീകരിക്കാന്‍ പ്രാപ്തരാക്കി കേരളത്തിന്റെ ഫുട്ബോള്‍ യശസ്സ് ലോകനിലവാ രത്തിലേയ്ക്ക് എത്തിക്കാനും ബ്ലാസ്റ്റേഴ്സ് പരിശ്രമിക്കുമെന്നും ക്ലബ്ബ് വ്യക്തമാക്കി.


