എറണാകുളം: മലയാറ്റൂരില്‍ 19കാരി ചിത്രപ്രിയയുടെ മരണം കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. 21കാരനായ ആണ്‍സുഹൃത്ത് അലന് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൂട്ടുകാരന് പെണ്സുഹൃത്തില് തോന്നിയ സംശയം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. കൊലപാതകം മദ്യലഹരിയില്‍ ആയിരുന്നെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച വൈകിട്ടാണ് ചിത്രപ്രിയയെ കാണാനില്ല എന്ന് ചൂണ്ടിക്കാണിച്ച് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകിയത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തി. തലയ്ക്ക് അടിയേറ്റതായി ഇൻക്വസ്റ്റിൽ വ്യക്തമായി. ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. അലനൊപ്പം ചിത്രപ്രിയ ബൈക്കിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും നിർണായകമായി.
കാണാതായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തം പുരണ്ടിരുന്നു. കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന് അലന് നല്കിയ മൊഴി.
അലന്റെ മൊഴിപ്രകാരം, സുഹൃത്തുക്കളെല്ലാം അന്ന് മദ്യപിച്ചിരുന്നു. പകല്‍നേരത്തും രാത്രിയിലും ചിത്രപ്രിയ അലനും സുഹൃത്തുക്കള്ക്കൊപ്പമുണ്ടായിരുന്നുവെന്നാണ് അലന്റെ മൊഴി. പെണ്‍കുട്ടിയും അവരോടൊപ്പം മദ്യപിച്ചിരുന്നുവെന്നാണ് മൊഴിയെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ സ്ഥിരീകരിക്കാനാകുകയുള്ളൂ.


