കോട്ടയം: കെ.എം.മാണിക്ക് അന്തിമോപചാരമര്‍പ്പിച്ച് കേരളം. രാവിലെ കൊച്ചിയിലെ ആശുപത്രിക്കു മുന്നില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ സ്വദേശമായ പാലായിലേക്കുള്ള യാത്രയില്‍ വഴിയിലുടനീളം വന്‍ ജനാവലിയാണു കാത്തുനിന്നത്.

നെട്ടൂര്‍, മരട്, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. വിലാപയാത്ര 12 മണിയോടെ കോട്ടയത്തെത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഏറെ വൈകി. മൂന്ന് മണിക്കാണ് വിലാപയാത്ര വൈക്കത്ത് എത്തിയത്. കൊച്ചി മുതല്‍ റോഡിന് ഇരുവശവുമായി ആയിരക്കണക്കിന് ആളുകളാണ് മാണിയെ അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ച് കൂടിയിരിക്കുന്നത്.

നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളുമെല്ലാം മാണിയെ കാണാന്‍ കാത്തു നില്‍ക്കുകയാണ്. കേരള കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള തട്ടകമാണ് വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നിവിടങ്ങള്‍. അതിനാല്‍ തന്നെ വിലാപയാത്ര ഇവിടം കടന്ന് പോകാന്‍ സമയമെടുക്കും. എത്ര വൈകിയാലും മാണിയെ കാണാനുള്ള അവസരം ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. വൈകീട്ട് ആറ് മണിയെങ്കിലുമാകും കോട്ടയത്തെത്താന്‍ എന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. മകന് ജോസ് കെ മാണിയും എംഎല്‍എമാരും വിലാപയാത്രക്കൊപ്പമുണ്ട്.

നേരം വൈകുന്നതിനാല്‍ പാല ടൗണ്‍ ഹാളിലെ പൊതുദര്‍ശനം ഒഴിവാക്കി. പകരം ടൗണ്‍ ഹാളിന് താഴെ വാഹനം അല്പസമയം നിര്‍ത്തിയിടും. രാത്രിയോടെയാവും വീട്ടിലേക്ക് കൊണ്ടു വരിക. നാളെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ ശവസംസ്കാര ശ്രുശൂഷ ആരംഭിക്കും. നാല് മണിക്ക് പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ കുടുംബകലറയില്‍ അടക്കം നടക്കും.

രമേശ് ചെന്നിത്തല, പിജെ ജോസഫ്, ഷാഫി പറമ്പില്‍, കെ.ബാബു, മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്, അനൂപ് കുരുവിള ജോണ്‍, പിടി തോമസ് തുടങ്ങിയ നിരവധി നേതാക്കള്‍ കെ എം മാണിക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു. രാവിലെ ഒന്‍പത് മണിയോടെ മാണിയുടെ ഭൗതികദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും എന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ജനതിരക്ക് കാരണം പത്ത് മണി കഴിഞ്ഞാണ് വിലാപയാത്ര ആരംഭിച്ചത്.



