സേഫ് ആന്‍ഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ പൊലീസ് നടപടി തുടങ്ങി. ഒളിവില്‍ പോവുന്നതിന് മുമ്പ് കമ്പനിയുടെ എംഡി-ചെയര്മാന് സ്ഥാനം പ്രവീണ്‍ റാണ ഡ്രൈവറും ബന്ധുവുമായ വിഷ്ണുവിന് കൈമാറിയെന്നാണ് വിവരം. വിവിധ സ്റ്റേഷനുകളില്‍ പരാതികളെത്തുന്നതിന് മുമ്പായിരുന്നു അധികാര കൈമാറ്റം. ഡിസംബര്‍ 29ന് പ്രവീണ്‍ റാണ തല്‍സ്ഥാനത്തുനിന്ന് മാറിയെന്നാണ് പൊലീസ് പറയുന്നത്.
നിയമ നടപടികളില്‍ ഇളവ് ലക്ഷ്യമിട്ടാണ് അധികാരം കൈമാറിയതെന്നാണ് സൂചന. പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നതും ബിനാമി പേരില്‍ നിക്ഷേപം ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കും.
കേസില്‍ ബന്ധുവായ വിഷ്ണുവിനെ പൊലീസ് ചോദ്യം വിശദമായി ചെയ്തിരുന്നു. വിഷ്ണു അടക്കം കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനാണ് പൊലീസ് തീരുമാനം. കമ്പനിയുടെ ഡയറക്ടര്‍മാരും പ്രധാന സ്റ്റാഫുകളുമായ സലീല്‍കുമാര്‍ ശിവദാസ്, മനീഷ് പെന്മാട്ട്, പ്രജിത്ത് കൈപ്പുള്ളി, അനൂപ് വെണ്മേനാട് എന്നിവരേയും പ്രതികളാക്കും.
പ്രവീണ്‍ റാണയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രവീണ്‍ റാണയെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നവരെ പ്രതി ചേര്‍ക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. പ്രവീണ്‍ റാണ മുന്‍കൂര്‍ജാമ്യത്തിനായുള്ള നീക്കം തുടങ്ങിയെന്നാണ് വിവരം. പരാതി പിന്‍വലിക്കാന്‍ ഇടനിലക്കാരെ ഉപയോഗിച്ച് സമ്മര്‍ദം ചെലുത്തുന്നതായും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താന്‍ ജയിലിലായാല്‍ പണം തിരികെ ലഭിക്കില്ലെന്ന് പറഞ്ഞ് സമ്മര്‍ദ്ദത്തിലാക്കി കേസ് പിന്‍വലിക്കാനാണ് പ്രവീണ്‍റാണയുടെ നീക്കം.
ഇയാള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്ന സൂചനയാണ് പൊലീസിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ മധ്യകേരളത്തിലെ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം.
പ്രവീണ്‍ റാണ ‘സേഫ് ആന്‍ഡ് സ്ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 18 കേസുകളാണ് പ്രവീണ്‍ റാണക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലനില്‍ക്കുന്നത് 11 കേസുകളും. തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരുലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍. 48 ശതമാനംവരെ പലിശയും ഫ്രാഞ്ചൈസി ചേര്‍ക്കാമെന്ന വാഗ്ദാനവും ചെയ്തതിനെ തുടര്‍ന്നാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്.
പീച്ചി സ്വദേശിനിയായ ഹണി തോമസിന്റെ പരാതിയിലാണ് റാണക്കെതിരെ ആദ്യം പൊലീസ് കേസെടുത്തത്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നാണ് പരാതി. ആദം ബസാറിലെ സ്ഥാപനത്തിലെ ഫ്രാഞ്ചൈസിയായി പ്രവര്‍ത്തിക്കുന്നതിനായി ഒരു ലക്ഷം രൂപയാണ് പ്രതി പരാതിക്കാരില്‍ നിന്നും വാങ്ങിയത്. പ്രതിമാസം 2000 രൂപ സ്റ്റൈപന്റും കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപത്തോടൊപ്പം നല്‍കാമെന്ന് പറഞ്ഞിരുന്നു. സ്റ്റൈപന്റ് കൈപ്പറ്റിയില്ലെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ രണ്ടര ലക്ഷം രൂപയായി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതായും പരാതിയില്‍ പറയുന്നു.


