വോട്ടെടുപ്പ് ദിനത്തില്‍ തിരഞ്ഞെടുപ്പ് ചട്ട വിരുദ്ധ നടപടിയുമായി തിരുവനന്തപുരം കോര്‍പറേഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര് ശ്രീലേഖ. തിരഞ്ഞെടുപ്പ് സര്‍വേ ഫലം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ജനഹിതം.. ഇതങ്ങനെയാവട്ടെ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് സീഫോര്‍ സര്‍വേ പ്രീ പോള്‍ പ്രവചനം ; തിരുവനന്തപുരം കോര്പറേഷന് എന്‍ഡിഎയക്ക് ഒപ്പം എന്നുള്ള സര്‍വേ ഫലം പങ്കുവച്ചത്. ചില ബിജെപി നേതാക്കളും ഇതേ ഫലം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ സ്ഥാനാർഥിയാണ് ആർ.ശ്രീലേഖ. പ്രീ പോൾ സർവേ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന സുപ്രിംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാർഗനിർദേശം നിലനിൽക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമായത്. ബിജെപിയ്ക്ക് തിരുവനന്തപുരം കോർപറേഷനിൽ ഭൂരിപക്ഷമുണ്ടാകും എൽഡിഎഫ് പിന്നോട്ട് പോകും എന്നുള്ള ഒരു സ്വകാര്യ സർവേയാണ് ശ്രീലേഖ പങ്കുവെച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളിൽ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങൾ നേരത്തെ തന്നെ ശ്രീലേഖക്കെതിരെ ഉയർന്നു വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിനെ അനുകൂലിച്ചും ശ്രീലേഖ രംഗത്ത് വന്നിരുന്നു.


