മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ സ്വപ്ന പദ്ധതിയായ മുറിക്കല്ല് ബൈപാസിന്റെ പൂര്‍ത്തീകരണത്തിന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടിജന്റ് ഫണ്ടായി 50 ലക്ഷം രൂപ കിഫ്ബി റവന്യൂ വകുപ്പിന് കൈമാറിയതായി മാത്യു കുഴല്‍ നാടന്‍ എംഎല്‍എ അറിയിച്ചു. ഇതുമായി ബന്ധപെട്ട് കിഫ് ബിയിലും കളക്ടറേറ്റിലും എംഎല്‍എ കൂടി പങ്കെടുത്ത രണ്ട് റിവ്യൂ മീറ്റിംഗുകള്‍ നടത്തിയിരുന്നു. കണ്ടിജന്റ് ഫണ്ട് എത്തിയതോടെ വീണ്ടും ബൈപാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന് വക്കും. എം എല്‍ എയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്.
പൊതുമരാമത്ത് റവന്യു വകുപ്പ് മന്ത്രിമാരുമായി ഡോ. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സംയുക്ത പരിശോധനയില്‍ അടുത്തിടെ സ്ഥലപരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. മാറാടി വില്ലേജിലെ 130 കവലയില്‍ തുടങ്ങി മുറിക്കല്‍ പാലത്തില്‍ അവസാനിക്കുന്ന 1.8 ഹെക്ടര്‍ സ്ഥലവും പാലത്തിന് മറുവശത്ത് വെള്ളൂര്‍ കുന്നം വില്ലേജില്‍ പെട്ടതുമായ മുഴുവന്‍ സ്ഥലത്തിന്റെയും സ്ഥല പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. സ്ഥലം ഏറ്റെടുപ്പിന്റെ ഭാഗമായി 2019 ല്‍ ഡിസംബറില്‍ സര്‍വ്വേ നടപടി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സര്‍വ്വേയുടെ ഭാഗമായി സ്ഥാപിച്ച പല സര്‍വ്വേ കല്ലുകളും കാണാതായിരുന്നു. തുടര്‍ന്ന് മാര്‍ക്ക് ചെയ്ത സ്ഥലങ്ങളുടെ പരിശോധനയാണ് പൂര്‍ത്തിയാക്കിയത് . ഒറ്റ ദിവസം കൊണ്ടാണ് സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
എംഎല്‍എയുടെ നിരന്തര ശ്രമഫലമായാണ് പദ്ധതിയുടെ പ്രധാന തടസമായ പാലത്തിന്റെ അനുബന്ധ സ്ഥലം ഏറ്റെടുക്കലെന്ന സുപ്രധാന നേട്ടം വേഗത്തില്‍ പൂര്‍ത്തിയായത്. അനുബന്ധ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ തിരക്ക് ഒഴിവാകും. വര്‍ഷങ്ങളായുള്ള നാടിന്റെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുക. നേരത്തെ മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയില്‍ ബൈപാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് മാത്യു കുഴല്നാടന് എംഎല്‍എയ്ക്ക് മന്ത്രി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഫണ്ട് കൈമാറിയത്.