തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്ക് കേരളത്തിൽ ബന്ദായി മാറി. കെഎസ് ആർ ടിസി ബസുകളടക്കം നിരത്തിലിറങ്ങിയില്ല. സർവീസ് നടത്താനുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ശ്രമം പലയിടത്തും സമരാനുകൂലികൾ തടഞ്ഞു. കെഎസ്ആർടിസി ബസുകളടക്കം നിരത്തിലിറങ്ങാതായതോടെ പൊതുഗതാഗതം തടസ്സപ്പെട്ടു.
ഹര്‍ത്താലിന്റെ പ്രതീതിയുണ്ടാക്കിയ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. കേരളത്തിൽ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ച ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലത്തിലടക്കം സമരാനുകൂലികൾ ബസുകൾ തടഞ്ഞു. പലയിടത്തും സമരാനുകൂലികളും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. ചിലയിടങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനം സമരാനുകൂലികൾ തടസ്സപ്പെടുത്തി.


