കൊല്ലം മാമ്പഴത്തറ വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ചു വീഡിയോ ചിത്രീകരിച്ചതിനു യൂടൂബര്‍ക്കെതിരെ കേസ്. കിളിമാനൂര്‍ സ്വദേശി അമല അനുവിനെതിരെയാണ് വനം വകുപ്പ് കേസെടുത്തത്. വന്യജീവി സംരക്ഷണ നിയമത്തിലെ എട്ട് വകുപ്പുകള്‍ പ്രകാരമാണ് കേസ്. എട്ട് മാസം മുമ്പാണ് അമല അനു വിവാദ വീഡിയോ തന്റെ യൂടൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നത്.
ഹെലിക്യാം ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം ആനയെ അടുത്ത് കാണാന്‍ അമല സാഹസികമായി കാട്ടിലേക്ക് കയറുന്നതും കലിപൂണ്ട കാട്ടാന അമലയെ ഓടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ അന്ന് അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ചില ട്രോള്‍ ഗ്രൂപ്പുകളിലും ഓണ്‍ലൈന്‍ പേജുകളിലുമായി വൈറലായി.
തുടര്‍ന്ന് വനം വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടതോടെ വീഡിയോ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കയറിയതിനും ആനയെ പ്രകോപിപ്പിച്ചതിനും വന്യജീവി സംരക്ഷണ നിയമ പ്രകാരം എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളും കൂട്ടത്തിലുണ്ട്. കേസെടുത്തെന്നറിഞ്ഞതോടെ അമല തന്റെ പേജില്‍ നിന്നും വീഡിയോ നീക്കം ചെയ്തു.


