തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി കനത്ത പോളിംഗ്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ 74.06 ശതമാനം പോളിംഗായിരുന്നു കേരളത്തില്‍ രേഖപ്പെടുത്തിയതെങ്കില്‍ 2026-ല്‍ അത് അന്തിമ കണക്കുകള്‍ വരും മുമ്പേ 77.62 ശതമാനം ആയി ഉയര്‍ന്നു. ഇത്തവണ കൂടുതല്‍ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്തു. ഉയര്‍ന്ന പോളിംഗ് ശതമാനം എത്രത്തോളം സഹായിക്കും എന്ന് കണക്കുകൂട്ടുകയാണ് മൂന്ന് മുന്നണികളും. കനത്ത പോളിംഗ് ഗുണം ചെയ്യുമെന്ന് എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ഒരുപോലെ അവകാശപ്പെടുന്നുണ്ട്.
കേരളത്തില്‍ കനത്ത പോളിംഗ്
കേരളത്തില്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകും എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. പോളിംഗ് ശതമാനം ഉയര്‍ന്നത് ഭരണ മാറ്റത്തിന്റെ പ്രത്യക്ഷ സൂചനയായി യുഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പോളിംഗ് ഉയര്‍ന്നതോടെ 100 സീറ്റ് എന്ന അവകാശവാദം വീണ്ടും ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. നൂറിലേറെ സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫും പ്രതികരിച്ചു. ടീം യുഡിഎഫ് 100 സീറ്റ് നേടുമെന്ന് മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍ അവകാശപ്പെട്ടു.
അതേസമയം, പോളിംഗ് മികച്ച പോളിംഗ് ശതമാനം ഭരണത്തുടര്‍ച്ചയ്ക്കുള്ള സൂചനയാണ് എന്നാണ് എല്‍ഡിഎഫ് ക്യാംപിന്റെ വിലയിരുത്തല്‍. ഉയര്‍ന്ന വോട്ടിംഗ് എൽഡിഎഫിന് അനുകൂലമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകള്‍. കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷവുമായി ഭരണ തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്ത ശേഷം അവകാശപ്പെട്ടു


