തിരുവനന്തപുരം: ദിലീപിനെ അസോസിയേഷനിൽ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി. രാകേഷ്.
ദിലീപ് കത്ത് നൽകിയാൽ എല്ലാവരുമായി ചർച്ച ചെയ്ത് തുടർ നടപടി എടുക്കും. ദിലീപിന് അസോസിയേറ്റ് അംഗത്വമാണ് സംഘടനയിൽ ഉണ്ടായിരുന്നതെന്നും ബി. രാകേഷ് പറഞ്ഞു.
കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ മറ്റൊന്ന് ആലോചിക്കാൻ ഇല്ലല്ലോ. ദിലീപിനെ കുറ്റവിമുക്തനാക്കിയതിലും സന്തോഷമുണ്ട്. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്നു.
എല്ലാ സംഘടനകളും പുറത്താക്കിയ കൂട്ടത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആദ്യഘട്ടത്തിൽ പുറത്താക്കാൻ നടപടി സ്വീകരിച്ചത്. കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ബി രാകേഷ് വ്യക്തമാക്കി.
അതേസമയം നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.


