തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറി യൂണിറ്റുകളും ബ്ലെന്‍ഡിങ് യൂണിറ്റുകളും അനുവദിച്ചുകൊണ്ടുള്ള തീരുമാനം റദ്ദാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. യൂണിറ്റുകള്‍ അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ അപാകതയില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു വിവാദം ഉയരുന്നത് കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയെ ബാധിക്കുമെന്നതിനാലാണ് തീരുമാനം റദ്ദാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന കാര്യം നേരത്തേ വ്യക്തമാക്കിയതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മദ്യവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ നിലപാടിനെക്കുറിച്ചും ജനങ്ങള്‍ക്ക് ധാരണയുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രൂവറി യൂണിറ്റുകളും ബ്ലന്‍ഡിംഗ് യൂണിറ്റുകളും അനുവദിച്ചതില്‍ നടപടികളില്‍ ഒരു തെറ്റും കാണാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നിരുന്നാലും ഈ സാഹചര്യം തുടരുകയല്ല ഇന്നത്തെഘട്ടത്തില് വേണ്ടത് എന്നത് പരിഗണിച്ച് ബ്രൂവറി യൂണിറ്റുകളും ബ്ലെന്‍ഡിങ് യൂണിറ്റുകളും അനുവദിച്ച തീരുമാനം റദ്ദാക്കുകയാണ്. ഇതിനര്‍ഥം പുതിയ യൂണിറ്റുകള്‍ അനുവദിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പുറകോട്ടു പോകുന്നു എന്നല്ല. സംസ്ഥാനത്തിനാവശ്യമായ പുതിയ യൂണിറ്റുകള്‍ അനുവദിക്കുന്ന സമീപനം സര്‍ക്കാര്‍ തുടരും. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്റെ 8 ശതമാനവും ബിയറിന്റെ 40 ശതമാനവും പുറത്തു നിന്നുവരികയാണ്. ആ സാഹചര്യത്തില്‍ ഇത്തരം യൂണിറ്റുകള്‍ സംസ്ഥാനത്ത് ആവശ്യമാണ് എന്നു തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. യൂണിറ്റുകള്‍ തുടങ്ങാനാഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും നിയമപ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആവശ്യമായ സാങ്കേതിക പരിശോധനക്ക് ശേഷം വകുപ്പ് അര്‍ഹമായ സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും തത്വത്തില്‍ അംഗീകാരം നല്‍കുകയും ചെയ്യും.
പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ഒരു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും മുഖ്യമന്ത്രി വ്യക്തമാക്കി.


