തൃശൂര്‍: നോക്കുകൂലി നിയമ വിരുദ്ധമായ പിടിച്ചുപറിയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഇത് തൊഴില്‍ തര്‍ക്കമല്ലെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് സംരംഭകര്‍ക്കായി തൃശ്ശൂരില്‍ സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
മിന്നല്‍ പണിമുടക്കും അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒയിലേക്ക് എത്തിയ കാര്‍ഗോ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് നോക്ക്കൂലി ആവശ്യപ്പെട്ട് തടഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിക്കായാണ് കാര്‍ഗോ മുംബൈയില്‍ നിന്നെത്തിയത്. 184 ടണ്ണിന്റെ ലോഡാണ് വാഹനത്തിലുണ്ടായിരുന്നത്. ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് വിഎസ്എസ്സി അധികൃതര്‍ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസുമായി പ്രദേശവാസികള്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. നോക്കുകൂലിക്കെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെ കര്‍ശന മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടെയുണ്ടായ സംഭവം വ്യവസായ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.


