വന്യമൃഗ ശല്യം തടയാൻ സ്ഥാപിക്കുന്ന അനധികൃത വൈദ്യുത വേലികളിൽ നിന്ന് ഷേക്കേറ്റ് മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഓരോ വർഷം കൂടി വരികയാണ്. അനുമതിയില്ലാത്ത വൈദ്യുത വേലികൾ സ്ഥാപിക്കരുതെന്ന് കെഎസ്ഇബി കർശന നിർദേശം നൽകുമ്പോഴും ഇത് തുടരുകയാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്.
വനാതിർത്തികളിലും പന്നിശല്യം കൂടുതലുളള പ്രദേശങ്ങളിലുമായി അനധികൃത വൈദ്യുത വേലികൾ ഇപ്പോഴും വ്യാപകം. പ്രധാനമായും കർഷകർ വിള നശിപ്പിക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാനാണ് വേലികൾ സ്ഥാപിക്കുന്നത്. എന്നാൽ പലപ്പോഴും ഇതിന്റെ ഇരകളാണ് സാധാരണക്കാരായ നിസ്സഹായരായ മനുഷ്യരും.
2022 മെയ് 19ന് പുതുമഴയിൽ മീൻ പിടിക്കാൻ എത്തിയ മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ ക്യാന്പിലെ രണ്ട് ഉദ്യോഗസ്ഥർ കാട്ടുപന്നിക്കായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. മൃതദേഹം അരകിലോമീറ്റർ അകലെ പാടത്ത് നിന്നാണ് കണ്ടെത്തിയത്. സ്ഥലമുടമ മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.


