മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപാനൽകാനുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹിന്ദു ഐക്യവേദി സെക്രട്ടറി ആർ വി ബാബു, ബിജെപി തൃശൂർ ജില്ലാ പ്രസിഡണ്ട് നാഗേഷ് എന്നിവരടക്കം സമർപ്പിച്ച ആറ് ഹർജികളാണ് ജസ്റ്റിസുമാരായ ഷാജി പി ചാലി, എം ആർ.അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.
5 കോടി രൂപ നൽകാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചതായും ഈ തീരുമാനം കൈക്കൊള്ളാൻ ഭരണ സമിതിക്ക് നിയമാനുസൃതം അധികാരമുണ്ടന്നും ദേവസ്വം സ്റ്റാൻഡിംഗ് കൗൺസൽ ടി കെ വിപിൻദാസ് ബോധിപ്പിച്ചു. പ്രളയത്തിന്റെ ഘട്ടത്തിലും സമാനമായ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിനെതിരായ കേസുകളിൽ ഹൈക്കോടതി പ്രതികൂല ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലന്നും ഫുൾ ബഞ്ചിന്റെ പരിഗണനയിൽ ഇരിക്കുകയാണന്നും അദ്ദേഹം വിശദികരിച്ചു. സംഭാവന നൽകുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഡിവിഷൻ ബഞ്ച് പിന്നിട് പരിഗണിക്കാൻ മാറ്റി.


