സ്കൂള്‍ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാന്‍ ഇല്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും പഴയിടം മോഹനന് നമ്പൂതിരി പറഞ്ഞു. സ്കൂള്‍ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്താന്‍ മുന്‍പ് ഒരിക്കല്‍ തീരുമാനിച്ചിരുന്നു. അന്ന് സര്‍ക്കാര്‍ സമ്മര്‍ദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി വ്യക്തമാക്കി.
കുട്ടികളുടെ കലോത്സവത്തില്‍ പോലും വര്‍ഗീയതയും ജാതീയതയുടേയും വിഷവിത്തുകള്‍ വാരിയെറുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കാലത്ത് ഓരോരുത്തരും ഓരോ ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. മാംസഭക്ഷണം ഉള്‍ക്കൊള്ളിക്കുന്നില്ലെങ്കിലും കലോത്സവത്തിന് ഇനി താനുണ്ടാവില്ല അദ്ദഹം വ്യക്തമാക്കി.
കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവന് കുട്ടി വ്യക്തമാക്കിയിരുന്നു.പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന് നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്പുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും നോണ്‍ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും കായിക മേളയില്‍ മാംസാഹാരം വിളമ്പുന്നവര്‍ തന്റെ സംഘത്തില്‍ തന്നെ ഉണ്ടെന്നുമാണ്പഴയിടം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
അതേസമയം കലാമേളായില്‍ മാംസാഹാരം വിളമ്പുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പഴയിടം ചൂണ്ടിക്കാട്ടിയിരുന്നു. ബുധനാഴ്ച കോഴിക്കോട്ടെ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയത് 9500 കുട്ടികളുണ്ടാവും എന്നായിരുന്നു കണക്ക്. എന്നാല്‍ 20,000-ത്തിലേറെ പേരാണ് ഭക്ഷണം കഴിക്കാന്‍ എത്തിയത്. തീര്‍ന്നാലും പെട്ടെന്ന് തന്നെ പകരം ഭക്ഷണം സജ്ജമാക്കാം എന്നതാണ് വെജിന്റെ ഗുണം. എത്രസമയം വരെ നോണ്‍ വെജ് ഭക്ഷണം കേട് കൂടാതെയിരിക്കും എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ കലവറയിലേക്ക് എത്തുന്ന പച്ചക്കറികളുടെ കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്. കായിക മേളയില്‍ നമ്മുടെ ടീം തന്നെ നോണ്‍ വെജ് വിളമ്പുന്നുണ്ടെന്നും പഴയിടം പറഞ്ഞിരുന്നു.
എന്നാല്‍, കായികമേളയില്‍ പത്ത് ശതമാനം പേര്‍ക്ക് മാത്രം വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയാല്‍ മതിയാവും. എന്നാല്‍ കലോത്സവത്തില്‍ അതിലേറെ പേര്‍ക്ക് വെജിറ്റേറിയന്‍സ് ആയിരിക്കും.കലോത്സവത്തില്‍ താന്‍ മുഖ്യപാചകകാരനായി എത്തുന്നതിനെ ബ്രാഹ്മണമേധാവിത്തം എന്ന് വിമര്‍ശിക്കുന്നവര്‍ അതില്‍ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണമെന്നും പഴയിടം പറഞ്ഞിരുന്നു.


