തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന് സമരസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ തുടര്‍ന്നു തിരുവനന്തപുരത്ത് സമരാനുകൂലികള്‍ വേണാട് എക്സ്പ്രസ് ട്രെയിന്‍ തടഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് സമരാനുകൂലികള്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞത്.
തിങ്കളാഴ്ച രാത്രി സമരാനുകൂലികള്‍ നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു. 48 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി വരെയാണ്. പാല്, പത്രവിതരണം, ആശുപത്രികള്‍, ടൂറിസം, ശബരിമല തീര്‍ഥാടനം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് ഹര്‍ത്താലാകില്ലെന്നും ഭീഷണിപ്പെടുത്തി കടകളടപ്പിക്കുകയോ സ്വകാര്യ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ലെന്നും സമരസമിതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൊഴിലാളി സംഘടനകള്‍ക്കൊപ്പം മോട്ടോര്‍ വാഹന മേഖലയും ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലയിലെ തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.

