തിരുവനന്തപുരം: കുറഞ്ഞ വിലയില്‍ കുപ്പിവെളളം ലഭ്യമാക്കാനൊരുങ്ങുകയാണ് വാട്ടര്‍ അതോറിട്ടി. ഇപ്പോള്‍ 15രൂപയ്ക്ക് ലഭിക്കുന്ന കുപ്പിവെള്ളം 10രൂപയ്ക്ക് ലഭ്യമാക്കാനാണ് പദ്ധതി. വാട്ടര്‍ അതോറിട്ടിയുടെ ഔട്ട്ലെറ്റുകള് വഴിയും റീട്ടെയില്‍ ശൃഖലകളിലൂടെയും വില്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. 16കോടി രൂപയാണ് പദ്ധതിക്കായി വേണ്ടിവരുന്ന ചിലവ്. പ്ലാന്റില്‍ പ്രതിദിനം 7200ലിറ്റര്‍ വെള്ളം ഉത്പാദിപ്പിക്കാനാകും. അര, ഒന്ന്, രണ്ട് ലിറ്റര്‍ ബോട്ടിലുകളാണ് വിപണിയിലെത്തിക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിലും വാട്ടര്‍ അതോറ്റിയുടെ ഔട്ട്ലെറ്റുകള് തുറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അരുവിക്കരയിലെ പ്ളാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് അടുത്ത മാസത്തോടെ കുപ്പിവെള്ളം വിപണിയിലെത്തിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്ലാന്റില്‍ യന്ത്രങ്ങളെല്ലാം സ്ഥാപിച്ചുകഴിഞ്ഞു. ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്), ഭക്ഷ്യസുരക്ഷ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് എന്നിവയുടെ അംഗീകാരമാണ് ഇനി വേണ്ടത്. ഇത് ഈ മാസം അവസാനത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്. റിവേഴ്സ് ഓസ്മോസിസ്, ഡീക്ളോറിനേഷന്‍ എന്നിവയിലൂടെയാണ് വെള്ളം ശുദ്ധീകരിക്കുന്നത്.


