തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയറുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് നിര്‍ദേശം നല്കി. തിരുവനന്തപുരം യൂണിറ്റ് എസ്.പി മധുസൂദനന് മേല്‍നോട്ടം നല്‍കും. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്.
എസ്എടി വിഷയത്തില്‍ പുറത്തുവന്ന കത്ത് തയ്യാറാക്കിയത് താനാണെന്ന് സമ്മതിച്ച് ഡി.ആര് അനില്‍ രംഗത്തു വന്നിരുന്നു. എസ്എടി വിഷയത്തില്‍ താന്‍ എഴുതിയ കത്താണ് പുറത്തു വന്നത്. എന്നാല്‍ കത്ത് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയിട്ടില്ല. കത്ത് പുറത്തു വന്നതില്‍ അന്വേഷണം വേണം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് കത്ത് നല്‍കിയത്. എസ്എടി നിയമനങ്ങള്‍ ഇപ്പോഴും നികത്തിയിട്ടില്ലെന്നും മേയറുടെ കത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഇതിനിടെ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം നടത്തിയ യുവമോര്‍ച്ചയ്ക്ക് പിന്തുണയായി കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നിരുന്നു. കെട്ടിടത്തിനു പുറത്തുവന്ന് പ്രതിഷേധിച്ച ഇവര്‍ തിരികെ കയറാന്‍ ശ്രമിക്കുമ്പോള്‍ ഈ വാതില്‍ അടച്ചുപൂട്ടി.
ഇതിനു പിന്നാലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എസ് സലീമിനെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് ഇരു വിഭാഗത്തെയും കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു.


