കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി വീട്ടുജോലിക്കാര്‍. പൊന്നാമറ്റത്ത് വീട്ടുജോലിക്ക് നിന്നിരുന്ന അന്നമ്മ എന്ന സത്രീയുടെ മകളാണ് ജോളിയെക്കുറിച്ച് പുതിയ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. പൊന്നാമറ്റത്ത് നിന്ന് ഭക്ഷണം കഴിച്ച ശേഷം ഒരിക്കല്‍ തന്റെ അമ്മയ്ക്ക് വയ്യായ്മ അനുഭവപ്പെട്ടിരുന്നെന്നാണ് ഏലിയാമ്മയുടെ ആരോപണം. ഇത് കൊലപാതകശ്രമമായിരുന്നെന്ന് ഇപ്പോള്‍ സംശയിക്കുന്നതായും ഏലിയാമ്മ വെളിപ്പെടുത്തി.
അമ്മ ഛര്‍ദ്ദിച്ചെന്ന് പറഞ്ഞ് ജോളി തന്നെ വിളിച്ചു. ചേടത്തിയമ്മ ഛര്‍ദ്ദിച്ച് മയങ്ങി കിടക്കുകയാണ്, ആശുപത്രിയില്‍ എത്തിക്കണം. താന്‍ അങ്ങോട്ട് എത്തുന്നതേയുള്ളുവെന്നായിരുന്നു ജോളി തന്നെ വിളിച്ച് പറഞ്ഞതെന്ന് ഏലിയാമ്മ ഓര്‍മ്മിച്ചു. ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടര്‍ പരിശോധിച്ചിട്ട് രോഗം ഒന്നുമില്ലെന്നാണ് പറഞ്ഞത്. പിന്നാലെ ജോളി എത്തി. ഇപ്പോള്‍ ഇതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നുന്ന സംശയമാണെന്നും ഏലിയാമ്മ പറഞ്ഞു.
റോയിയുടെ മരണ ശേഷം അഡ്വക്കേറ്റ് ജോർജ്, ജോൺസൺ എന്നിവർ നിരന്തരം ജോളിയെ കാണാൻ വീട്ടിൽ വരാറുണ്ടായിരുന്നെന്ന് വീട്ടുജോലിക്കാരനായിരുന്ന സുന്ദരൻ പറഞ്ഞു. 40 വർഷമായി പൊന്നാമറ്റത്ത് ജോലി ചെയ്തിരുന്ന ആളാണ് സുന്ദരൻ. മാഷോ ടീച്ചറോ റോയിയോ ഉണ്ടയിരുന്നപ്പോൾ ഇവർ വന്നിരുന്നില്ല. മൂവരുടേയും മരണശേഷം ആണ് ഇവർ വീട്ടിൽ പതിവായി എത്തിയത്. പരിചയം ഇല്ലാത്ത മറ്റൊരാളും വരാറുണ്ടായിരുന്നു. ഇവർക്ക് ഈ കുടുംബവുo ആയി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. അതിനെ താൻ വിമർശിച്ചിരുന്നു. ഇതിൽ ജോളിക്ക് തന്നോട് വെറുപ്പ് ഉണ്ടായിരുന്നെന്നും പിന്നീട് ഈ വീട്ടിൽ ജോലിക്ക് പോയില്ലെന്നും സുന്ദരന്‍ പറഞ്ഞു.


