അപകടത്തില്‍ കണ്ണിന്റെ കാഴ്ച നഷ്ടമായതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയ അഞ്ജുവിന് കണ്ണായി ഓട്ടോ ഓടിച്ച് സൈമണെത്തി. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ ബേക്കറിക്കു മുന്നിലെ ഇരുമ്പു പൈപ്പ് തുളച്ചു കയറി ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായ അഞ്ജുവിന്റെ വിവാഹം ഇന്ന് നടക്കും. ചെങ്ങന്നൂര്‍ പുളിംതിട്ടയില് ജോര്ജ്ലീലാമ്മ ദമ്പതികളുടെ മകന് സൈമണ്‍ ആണ് വരന്. രാവിലെ 11നു മൂലപ്പടവ് സിറ്റിസണ്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹം നടക്കും. ചെങ്ങന്നൂര്‍ കുമ്പിള്‍നില്‍ക്കുന്നതില്‍ ചെറിയാന് (ജോയി), അമ്മിണി ദമ്പതികളുടെ മകളാണ് അഞ്ജു.
2019 മേയ് 7നാണ് അപകടം നടന്നത്. ചങ്ങനാശേരിയിലെ സ്വകാര്യ ആയുര്‍വേദാശുപത്രിയില്‍ നഴ്സായിരുന്ന അഞ്ജു ജോലി കഴിഞ്ഞു ബസില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. എതിരെ എത്തിയ വാഹനത്തിനു സൈഡ് കൊടുക്കാനായി ബസ് ഇടതു വശത്തേക്ക് ഒതുക്കിയപ്പോള്‍ മാമ്മന്‍ മെമ്മോറിയല്‍ ആശുപത്രിക്കു സമീപത്തെ ബേക്കറിക്കു മുന്നില്‍ അനധികൃതമായി റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരുന്ന ഷെഡിന്റെ പൈപ്പ് ബസിനുള്ളിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ഡ്രൈവറുടെ സീറ്റിന് എതിര്‍വശത്തിരുന്ന അഞ്ജുവിന്റെ ഇടതു കണ്ണിലേക്കു പൈപ്പ് തുളച്ചു കയറി കാഴ്ച നഷ്ടമായി. ഇതോടെ നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം മുടങ്ങി. എറണാകുളത്തെ ആശുപത്രിയില്‍ പിന്നീട് കൃത്രിമക്കണ്ണ് വച്ചു.
ബന്ധപ്പെട്ട പൊതുമരാമത്ത്,പൊലിസ്,നഗരസഭ ഉദ്ദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകടകാരണം. അപകടത്തിന് കാരണമായ ഷെഡില്‍ നിന്നും പുറത്തേക്ക് തള്ളി നിന്ന പൈപ്പ് തുളച്ച് കയറിയാണ് അപകടം ഉണ്ടായത്. അപകടം വരുത്തിയ അനധികൃത നിര്‍മ്മാണത്തിനെതിരെ ഉദ്ദ്യോഗസ്ഥര്‍ നടപടി എടുത്തിരുന്നങ്കില്‍ അഞ്ജുവിന് കാഴ്ച നഷ്ടമാവില്ലായിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാനോ കാഴ്ച പോയ പെണ്‍കുട്ടിക്ക് സഹായം നല്‍കാനോ സര്‍ക്കാര്‍ തയ്യാറായില്ലന്നതും ദുഖകരമാണ്. കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയായ അഞ്ജുവിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചില്ലന്നതും ദുരൂഹമാണ്.