മുസ്ലീം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിൽ മുതിർന്ന നേതാക്കൾക്ക് ഇളവ്. മൂന്ന് ടേം പൂർത്തിയാക്കാത്തവരും ഇത്തവണ മാറി നിൽക്കും. പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, പി കെ ബഷീർ, കെ പി എ മജീദ്, എൻ ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, എൻ.എ നെല്ലിക്കുന്ന്, പി ഉബൈദുള്ള എന്നിവരാണ് മൂന്ന് ടെമോ അതിൽ അധികമോ പൂർത്തിയാക്കിയവർ. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യവും ശക്തം. പി.കെ കുഞ്ഞാലിക്കുട്ടിക്കും എം.കെ മുനീറിനും ഇളവ് ലഭിക്കും. മണ്ഡലം മാറി മത്സരിക്കാൻ ഒരുങ്ങി പി.കെ കുഞ്ഞാലിക്കുട്ടി.
കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറി മത്സരിക്കാൻ ആണ് സാധ്യത. അങ്ങനെയെങ്കിൽ ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വേങ്ങരയിൽ മത്സരിച്ചേക്കാം. കെപിഎ മജീദ് മൂന്ന് ടേം പൂർത്തിയാക്കി മാറി നിൽക്കാൻ ഇടയുള്ളതിനാൽ തിരൂരങ്ങാടിയിലും പിഎംഎ സലാമിന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. തിരൂരങ്ങാടിയിൽ പിഎംഎ സലാം അല്ലെങ്കിൽ വനിതാ ലീഗ് സംസ്ഥാന സുഹറ മമ്പാട് മത്സരിച്ചേക്കാം. എൻ.ഷംസുദ്ദീൻ, പി.കെ ബഷീർ, മഞ്ഞളാംകുഴി അലി എന്നിവർക്കും ഇളവ് ലഭിക്കുമെന്ന സൂചനകളുണ്ട്. ഏറനാട് എം.എൽഎ പി.കെ ബഷീറിന് ഇളവ് ലഭിക്കുകയാണെങ്കിൽ മണ്ഡലം മാറും.


