കൊച്ചി: നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നത് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുമെന്നത് ശരിയല്ല. മറ്റ് ഭക്തരുടെ ദര്‍ശനത്തെ ഇത് ബാധിക്കുമെന്ന കണ്ടെത്തല്‍ സുപ്രീംകോടതി വിധിയുടെ ലംഘനവും കോടതിയലക്ഷ്യവുമാണ്.
യുവതികളെ പ്രവേശിപ്പിക്കുന്നതിനിടെ ശബരിമലയില്‍ ഉണ്ടായ അക്രമസംഭവങ്ങളെപ്പറ്റി റിപ്പോര്‍ട്ടില്‍ പരമാര്‍ശമില്ലെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു. യുവതി പ്രവേശനശ്രമം നടന്നപ്പോള്‍ സന്നിധാനത്ത് ചിലര്‍ നിയമം കൈയിലെടുത്ത നടപടിയെ പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. തത്സമയ തീരുമാനങ്ങളെടുക്കാനാണ് നിരീക്ഷക സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിരീക്ഷകസമിതി ചുമതലയില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ്. പൊലീസ്,ദേവസ്വം ബോര്‍ഡിനും നിര്‍ദ്ദേശങ്ങള്‍ നല്കി തത്സമയ തീരുമാനമെടുക്കാനുള്ള സമിതി ആ ചുമതല നിര്‍വഹിക്കുന്നില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

