കൊച്ചി: കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ 10 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ തീരുമാനമായത്.
അതേസമയം കേസില്‍ അഭിഭാഷകന്റെ സേവനം ആവശ്യമില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പ്രതി ഡൊമിനിക് മാര്ട്ടിന്. പോലീസിനെതിരെ പരാതിയില്ലെന്നും താന്‍ ആരോ ഗ്യവാനാണെന്നും ഇയാള്‍ പറഞ്ഞു.
പതിനഞ്ച് വര്‍ഷത്തിലേറെ കാലം ദുബായില്‍ ജോലി ചെയ്ത വ്യക്തിയാണ് മാര്ട്ടിന്. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. ഇതിന് വിശദമായി ചോദ്യം ചെയ്യണം. ഇക്കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പോലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. സ്ഫോടന വസ്തുക്കള്‍ മാര്ട്ടിന് പല ഇടങ്ങളില്‍ നിന്നായാണ് വാങ്ങിയത്.
ഇവ എവിടെ നിന്നൊക്കെയാണ് വാങ്ങിയത് അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നുള്ള കാര്യങ്ങള്‍ കൂടി പോലീസിന് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യവും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നവംബര്‍ പതിനഞ്ചാം തീയതി വരെയാണ് കോടതി മാര്‍ട്ടിനെ കസ്റ്റഡിയില്‍ അനുവദിച്ചിരിക്കുന്നത്.
പോലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പോലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാര്ട്ടിന് കോടതിയില്‍ വ്യക്തമാക്കി. വൈദ്യപരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇയാളെ കോടതിയിലെത്തിച്ചത്. നിലവില്‍ മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.


