വിസ്മയയുടെ സഹോദരന് ഉള്‍പ്പെടെ 26 പേര് ഇക്വിറ്റോറിയല്‍ ഗിനിയ സേനയുടെ തടവിലായ സംഭവത്തില്‍ സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിസ്മയുടെ പിതാവ് വിക്രമന് നായര്‍. രാവിലെയും മകന് വിജിത്ത് ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞു. ഇന്ന് നൈജീരിയന്‍ സേന മകനെയും സംഘത്തെ കൂട്ടിക്കൊണ്ടു പോകുമെന്നാണ് ആശങ്കയെന്നും വിക്രമന് നായര്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരന് ഉള്‍പ്പെടെയുള്ളവരെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും വിക്രമന് നായര്‍ പറഞ്ഞു.
‘നേരത്തെ എംബസി ഇടപെട്ടിട്ടുണ്ടെന്നാണ് മോന് പറഞ്ഞത്. കമ്പനി എത്രയോ കോടി രൂപ അടച്ചിട്ടുണ്ടെന്നാണ് അവന് പറഞ്ഞത്. മോന് പറഞ്ഞത് വച്ചുള്ള അറിവേ എനിക്കുള്ളു’- വിക്രമന് നായര്‍ പറഞ്ഞു.
നൈജീരിയന്‍ സേനയുടെ നിര്‍ദ്ദേശ പ്രകാരമാണ് സംഘത്തെ തടവിലാക്കിയിരിക്കുന്നത്. പിഴ നല്‍കിയിട്ടും വിട്ടയച്ചില്ല എന്ന് വിജിത്ത് ഇന്നലെ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തിനായി കാത്തിരിക്കുകയാണ് സംഘം.
നോര്‍വേ ആസ്ഥാനമായ ഒഎസ്എം മാറിടൈം കമ്പനിയുടെ ഹീറോയിക് ഐഡ കപ്പല്‍ ഓഗസ്റ്റ് എട്ടിന് നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡോ ഓയില്‍ നിറയ്ക്കാനായി എത്തിയപ്പോഴായിരുന്നു ഗിനിയ സേനയുടെ പിടിയിലായത്. ക്രൂഡോയില്‍ നിറയ്ക്കാനായി ഊഴം കാത്ത് ടെര്‍മിനലില്‍ നില്‍ക്കുന്നതിടെ, മറ്റൊരു കപ്പല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കടല്‍ക്കൊള്ളക്കാരാണെന്ന ധാരണയില്‍ കപ്പല്‍ നീക്കുന്നതിനിടെയാണ് ഗിനിയ സേന വളഞ്ഞത്.
നൈജീരിയന്‍ സേനയുടെ നിര്‍ദ്ദേശ പ്രകാരമാണ് 26 പേരെ പിടികൂടിയത്. ഇതില്‍ 16 പേര് ഇന്ത്യക്കാരാണ്. വിസ്മയയുടെ സഹോദരന് വിജിത്തുള്പ്പെടെ മൂന്ന് പേര് മലയാളികളാണ്. കമ്പനി പിഴ നല്‍കിയിട്ടും ഗിനിയ സേന വിട്ടയച്ചില്ല. ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനാണ് നീക്കം എന്ന് വിജിത്ത് പറഞ്ഞു.


