ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത് സമാനതകളില്ലാത്ത നിയമ പോരാട്ടത്തിന്. ബില്ലുകളില്‍ ഒപ്പിടാതെ അനിശ്ചിതമായി പിടിച്ച് വെക്കുന്ന ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തായിരിക്കും കോടതിയെ സമീപിക്കുകയെങ്കിലും സര്‍ക്കാര്‍ ഉത്തരം തേടുന്നത് അതിന് മാത്രമല്ല. മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട ഗവര്‍ണറുടെ അധികാരപരിധികള്‍ സംബന്ധിച്ച ഭരണഘടന ചോദ്യങ്ങളില്‍ വ്യക്തത വരുത്തുക കൂടിയാണ് ലക്ഷ്യം.
ഭരണഘടനയുടെ 200ാം അനുഛേദത്തിലാണ് ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഒപ്പിടുന്ന കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍, ഒന്നുകില്‍ അത് രാഷ്ട്രപതിക്ക് അയക്കണം ഇല്ലെങ്കില്‍ വ്യക്തത ആവശ്യപ്പെട്ട് നിയമസഭയ്ക്ക് തിരിച്ചയക്കണം. വ്യക്തത ആവശ്യപ്പെട്ട് തിരിച്ചയക്കുന്ന ബില്‍ നിയമസഭ വീണ്ടും പാസ്സാക്കി അയച്ചാല്‍ അതില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ നിര്‍ബന്ധിതനാണ്. എന്നാല്‍, ഇത് സംബന്ധിച്ച ഭരണഘടന മൗനം പാലിക്കുന്ന ഒരു കാര്യത്തില്‍ ഊന്നിയാണ് ഗവര്‍ണറുടെ ഇപ്പോഴത്തെ ഇടപെടലുകള്‍.നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ എത്ര സമയപരിധിക്കുള്ളില്‍ ഒപ്പിടണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല.
സംസ്ഥാനസര്‍ക്കാര്‍ ഉത്തരം തേടാന്‍ ശ്രമിക്കുന്നതും ഇതിനായിരിക്കും. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ആളാണ് ഗവര്‍ണര്‍ എന്ന് ഭരണഘടനയില്‍ വിശദീകരിക്കുന്നതിനൊപ്പം ഇത് സംബന്ധിച്ച നിരവധി സുപ്രീം കോടതി വിധികളുമുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ പാസാക്കി അയക്കുന്ന ബില്ലില്‍ ഒപ്പിടാതെ അനിശ്ചിതമായ പിടിച്ച് വയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ?. ഇതില്‍ കോടതി വ്യക്തതവരുത്തണമെന്നതായിരിക്കും സര്‍ക്കാര്‍ ഉയര്‍ത്തുന്ന ആവശ്യം.
എങ്ങനെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളേയും ബാധിക്കുന്ന ഇതുവരെ സുപ്രീംകോടതിയില്‍ പോലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത ഗവര്‍ണര്‍മാരുടെ അധികാര വരമ്പുകള്‍ സംബന്ധിച്ച നിര്‍ണ്ണായക ഉത്തരങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സര്‍ക്കാര്‍ കോടതിയെ സമീപിച്ചാല്‍ ഭരണഘടന ബഞ്ചിലേക്ക് പോലും കേസ് എത്തിപ്പെട്ടേക്കും.


