തളിപ്പറമ്പ്: തന്റേടമുള്ളവളായത് കൊണ്ടാണ് സോളര്‍ മേഖലയില്‍ സ്വയം സംരംഭകയായി യുഡിഎഫ് മന്ത്രിമാരെ കാണാന്‍ എത്തിയ സരിത തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വിളിച്ച് പറഞ്ഞതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. യുഡിഎഫ് ഭരണകാലത്ത് ഇത്തരത്തിലുള്ള ദുരനുഭവം നേരിടേണ്ടി വന്ന ആയിരക്കണക്കിന് ആളുകള്‍ വേറെയുമുണ്ടാകാമെന്നും കടകംപള്ളി പറഞ്ഞു.
എല്‍ഡിഎഫ് കുറ്റ്യേരി ലോക്കല്‍ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല കാര്യങ്ങള്‍ മാത്രം ചെയ്ത സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലാത്ത തിരഞ്ഞെടുപ്പാണിത്. ക്ഷേമ പെന്ഷന് 1500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് മാനിഫെസ്റ്റോയില്‍ പറഞ്ഞത്. 2 വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പിലാക്കും. യുഡിഎഫ് ഭരണകാലത്ത് 35 ലക്ഷം പേരാണ് ക്ഷേമ പെന്ഷന് അര്ഹതയുണ്ടായിരുന്നവര്.
ഇപ്പോഴത് 51 ലക്ഷമായി വര്‍ധിച്ചിരിക്കുകയാണ്. അക്കാലത്ത് 15 മാസത്തെ പെന്ഷന് കുടിശികയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഈ പണം വലിയ ഒരു തുകയായാണ് അവര്‍ക്ക് കയ്യില്‍ കിട്ടിയതെന്നും ഇത്തരത്തില്‍ ക്ഷേമ പെന്ഷന് വാങ്ങുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യില്ലെന്ന് പറയുമോ എന്നും കടകംപള്ളി സുരേന്ദ്രന് ചോദിച്ചു. ഒ.വി.പ്രമോദ് അധ്യക്ഷത വഹിച്ചു. ടി.സഹദേവന്, സി.കെ.ദാമോദരന്‍, ടി.കെ.ഗോവിന്ദന്, പി.മുകുന്ദന്, വേലിക്കാത്ത് രാഘവന്, പി.സി.റഷീദ് എന്നിവര്‍ പ്രസംഗിച്ചു.