തൃശൂര്‍: എക്സൈസിനെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ സമീപത്തെ വീട്ടുടമ മൊബൈലില്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്ന് ആരോപണം. മരിക്കുന്നതിന് തൊട്ടു മുമ്പെടുത്ത വീഡിയോയില്‍ യുവാവ് സഹായം തേടുന്നതിന്റെ ദൃശ്യങ്ങളുണ്ട്. നീന്താന്‍ കഴിയാത്ത യുവാവ് സഹായം തേടിയപ്പോള്‍ അയല്‍വാസി നിഷേധിച്ചു എന്ന പേരില്‍ നവമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുകയാണ്.
മുനയം ബണ്ടിന് സമീപത്തിരുന്ന യുവാക്കള്‍ കഞ്ചാവ് വലിക്കുന്നതായി എക്സൈസ് സംഘത്തിന് വിവരം കിട്ടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഇക്കാര്യം പരിശോധിക്കാന്‍ വന്നപ്പോള്‍ യുവാക്കള്‍ ഇറങ്ങിയോടുകയും ചിതറി ഓടിയ ഇവരില്‍ ചിലര്‍ പുഴയിലേക്ക് ചാടുകയുമായിരുന്നു. അക്ഷയ് മുടന്തുണ്ടായിരുന്നതിനാല് നീന്തി രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ഈ സമയത്ത് അയല്‍വാസിയാകട്ടെ മൊബൈലില്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. മുങ്ങിമരിക്കാന്‍ തുടങ്ങിയ അക്ഷയ് വിളിച്ചിട്ടും അയല്‍വാസി രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയില്ല. യുവാക്കള്‍ പുഴയിലേക്ക് ചാടിയതായി കണ്ടതോടെ എക്സൈസ് സംഘം മടങ്ങുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് പുഴയില്‍ വീണ യുവാവിന്റെ മൃതദേഹം പിന്നീട് ഞായറാഴ്ച ഉച്ചയോടെ പോലീസ് കണ്ടെത്തുകയായിരുന്നു. തൃപ്രയാര്‍ സ്വദേശിയാണ് മരണമടഞ്ഞ അക്ഷയ്. അതേസമയം യുവാവിനെ രക്ഷിക്കാതെ നോക്കി നിന്നു എന്നാരോപിച്ച് പ്രദേശവാസിയുടെ വീടും കൃഷിയിടവും ഒരു സംഘം യുവാക്കൾ ചേർന്ന് ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.


