തല പോയാലും ഇഡിയുടെ മഹസറില്‍ ഒപ്പിടില്ലെന്ന് ബിനീഷിന്റെകുടുംബം. ഒപ്പിടാന്‍ എന്‍ഫോഴ്സ്മെന്റ് ഭീഷണിപ്പെടുത്തിയെന്നും ഭാര്യാമാതാവ് മിനി ആരോപിച്ചു. കണ്ടെടുത്ത സാധനങ്ങള്‍ തങ്ങളെ കാണിച്ചില്ലെന്ന് ആരോപണം. റെയിഡിനിടെ ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തത് കണ്ടിട്ടില്ലെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ പറഞ്ഞു.
ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിന് ശേഷം ഇ.ഡി ഉദ്യോഗസ്ഥര്‍ മടങ്ങി. ഇതിനിടെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഇഡിക്കെതിരെ പ്രതിഷേധവുമായി എത്തിയ ഭാര്യയും കുഞ്ഞും പുറത്തെത്തി ബന്ധുക്കളെ കണ്ടു. ഇന്നലെ രാവിലെ തുടങ്ങിയ ഇ.ഡി റെയ്ഡ് 26 മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. ബിനീഷിന്റെ ഭാര്യാമാതാവിന്റെ ഫോണ്‍ ഇ.ഡി കസ്റ്റഡിയിലെടുത്തു. ഇഡിയുടെ പരിശോധനയ്ക്കെതിരെ സി.ജെ.എം കോടതിയില്‍ ഹര്‍ജി നല്കി.
അതേസമയം, ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി. നടപടി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ല. ഇ.ഡി പൊലീസിനെ വിവരമറിയിച്ചു. കോടതിയില്‍ അറിയിക്കുമെന്നും എന്‍ഫോഴ്സ്മെന്റ്. അതിനിടെ റെയ്ഡ് നടക്കുന്ന ബിനീഷിന്റെ വീട്ടിലേക്ക് ബാലാവകാശകമ്മിഷന് ചെയര്മാന് എത്തി. ബിനീഷിന്റെ കുട്ടിയുടെ അവകാശം നിഷേധിച്ചെന്നും നടപടി സ്വീകരിക്കുമെന്നും ചെയര്മാന് കെ.വി. മനോജ്കുമാര്‍ പറഞ്ഞു.
വീട്ടിലെ റെയ്ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി. അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെയെന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് ഇറക്കിയപ്പോഴായിരുന്നു പ്രതികരണം. അതേസമയം ഇഡിക്കെതിരായ ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഇഡിയോട് കേരള പൊലീസ് വിശദീകരണം തേടി. ഉദ്യോഗസ്ഥര്‍ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് ബിനീഷിന്റെ ഭാര്യാപിതാവ് പരാതി നല്കി. വ്യാജരേഖകളില്‍ ഒപ്പിടാന്‍ പ്രരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.


