പാലാ: സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സിന്റെ നില ഗുരുതരമായി തുടരുന്നു. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അഫീല്‍. ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേ ഫിനിഷിങ്ങ് പോയിന്റ് നിശ്ചയിച്ച് ഒരേ സമയം നടത്തിയതാണ് അപകടത്തിനു വഴിവെച്ചത്. സംഭവത്തില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും മുന്‍കരുതല്‍ സ്വീകരിക്കാതെയും മീറ്റ് സംഘടിപ്പിച്ച സംസ്ഥാന അത്ലറ്റിക് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അഫീലിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് ഭാരവാഹികള്‍ നല്കുന്ന വിശദീകരണം.
മൂന്നര കിലോഗ്രാം ഭാരമുള്ള ഹാമറാണ് അഫീലിന്റെ തലയില്‍ പതിച്ചത്. ഹാമര്‍ പതിച്ച് തലയോട്ടി തകര്‍ന്നു. അതേസമയം അഫീലിന്റെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. മേലുകാവ് ചെവ്വൂര് കുറിഞ്ഞംകുളം ജോര്‍ജ് ജോണ്‍സന്റെ മകനാണ് അപകടത്തില്‍ പരിക്കേറ്റ അഫീല്‍. അഫീലിനെ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു, ശസ്ത്രക്രിയ കഴിഞ്ഞും അഫീലിന്റെ നില അതീവഗുരുതരമായി തുടരുകയാണ്.


