കൊല്ലം: നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ പരാതിപ്പെട്ട പെണ്‍കുട്ടികള്‍ക്കായുളള പുനഃപരീക്ഷ നടത്തി. ബുധനാഴ്ച നീറ്റ് ഫലം വരാനിരിക്കെയാണ് കൊല്ലം ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എത്തിയ വിദ്യാര്‍ത്ഥിനികള്‍ക്കായി മാത്രം വീണ്ടും പരീക്ഷ നടത്തിയത്. കൊല്ലം എസ് എന്‍ സ്കൂളിലാണ് പുഃനപരീക്ഷ നടത്തിയത്.
അതേസമയം പരീക്ഷക്കെത്തിയത് നൂറില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. 360 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസിന് പരാതി നല്കിയ പെണ്‍കുട്ടികളില്‍ ഏതാനും പേരെ പുനഃപരീക്ഷക്കെത്തിയുള്ളൂ. അപ്രതീക്ഷിതമായി കഴിഞ്ഞ ആഴ്ചയാണ് ദേശീയ ടെസ്റ്റിങ് ഏജന്‍സിയുടെ പരീക്ഷ അറിയിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയത്. എന്നാല്‍ പലരും അടുത്ത വര്‍ഷം നീറ്റ് എഴുതുന്നതിനുള്ള പരിശീലനത്തിനും മറ്റ് കോഴ്സുകള്‍ക്കും ചേര്‍ന്നിരുന്നു. ഇത് കുട്ടികള്‍ പരീക്ഷയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന് കാരണമായി.
പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ദേശീയ ടെസ്റ്റിങ് ഏജന്‍സി വീഴ്ച സംഭവിച്ചില്ലെന്നാണ് വിശദീകരിച്ചത്. പിന്നാലെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന് കൊല്ലത്തെ പരീക്ഷാ സെന്ററിലെത്തുകയും പരാതിപ്പെട്ട വിദ്യാര്‍ത്ഥിനികളില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വീണ്ടും പരീക്ഷ നടത്താന്‍ അവസരം നല്‍കണമെന്ന് കമ്മീഷനോട് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടിരുന്നു.


