വിഴിഞ്ഞം: തിരുവനന്തപുരം കാഞ്ഞിരംകുളത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരെ ആക്രമണം നടത്തിയത് മൂന്നംഗ സംഘമാണെന്ന് വ്യക്തമായി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
ഇവരെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി. ഇതിനായി ഷാഡോ പോലീസിന്റെ യോഗം കാഞ്ഞിരംകുളം സ്റ്റേഷനില്‍ നടന്നു.
കാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് അക്രമികള്‍ ഒരു സ്കൂള്‍ ബസ് കത്തിക്കുകയും എട്ട് ബസുകളുടെ ഗ്ലാസുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തത്.
32 ലക്ഷത്തോളം രൂപ മുടക്കി ആറ് മാസം മുന്‍പ് വാങ്ങിയ എസി ബസ് അക്രമികള്‍ കത്തിച്ചു. പൊക്കത്തിലുള്ള മതില് കെട്ടിന്റെ പുറകുവശത്തുകൂടി ചാടിക്കടന്നെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. എന്നാല്‍ അവസാനത്തെ ബസിന്റെ ചില്ല് തകര്‍ത്ത് മടങ്ങുന്ന അക്രമിസംഘത്തിന്റെ ദൂരെക്കാഴ്ചയുള്ള ടിവി ദൃശ്യങ്ങളായതിനാല്‍ ഇവരെ വ്യക്തമായി തിരിച്ചറിയാനായിട്ടില്ല.
പുലര്‍ച്ചെ മൂന്നോടെ നടന്ന സംഭവം സ്കൂളിന്റെ മുന്‍വശത്ത് കാവലുണ്ടായിരുന്ന സുരക്ഷ ജീവനക്കാരനും അറിഞ്ഞില്ല. ശക്തമായ മഴ കാരണം ശബ്ദമൊന്നും കേട്ടില്ലെന്നും രാവിലെയാണ് സംഭവമറിയുന്നതെന്നും ഇയാള്‍ മൊഴി നല്‍കിയെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ നിരപരാധിയെന്ന് വ്യക്തമായതോടെ പോലീസ് പിന്നീട് വിട്ടയച്ചു.


