യുട്യൂബ് ചാനലിലൂടെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കൊല്ലം ഫാത്തിമ കോളേജിലെ സഹപാഠിയായ എസ് ഫൈസി രംഗത്ത്. തന്റെ പേരില്‍ ഇതുവരെ ഒരു പൊലീസ് കേസ് പോലുമില്ല. എന്നിട്ടും ഒരുപാട് കേസുകള്‍ ഉണ്ടായിരുന്നയാളെന്ന് സുരേഷ് ഗോപി തന്നെ വിശേഷിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് ഫൈസി പറഞ്ഞു.
‘സുരേഷ് ഇങ്ങനെ സങ്കല്പിച്ചു വര്‍ത്തമാനം പറയാറുണ്ടെന്നത് എല്ലാവര്ക്കും അറിയണമെന്നില്ലല്ലോ. ധാര്‍മികതയെപ്പറ്റി സംസാരിക്കവെ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത കേസുകളെ പറ്റി പറഞ്ഞത് സുരേഷ് പിന്‍വലിക്കുമെന്ന് കരുതുന്നു. കൈവശമുള്ള മൂന്ന് നമ്പറുകളില്‍ സുരേഷ് ഗോപിയുമായി ബന്ധപ്പെടാന്‍ നോക്കിയെങ്കിലും സാധിച്ചില്ല.’ അഭിമുഖം അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത് കൊണ്ടാണ് തന്റെ വിശദീകരണമെന്നും ഫൈസി പറഞ്ഞു.
എസ് ഫൈസിയുടെ വാക്കുകള്‍: എന്റെ സഹപാഠിയും പ്രിയ സുഹൃത്തുമായ സുരേഷ് ഗോപി ഒരു ഇന്റര്‍വ്യൂവില്‍ എന്നെ പറ്റി പറഞ്ഞതിനെ സംബന്ധിച്ച് പലരും ചോദിക്കുകയുണ്ടായി. പല വാര്‍ത്താ മാധ്യമങ്ങളും ഈ വീഡിയോ അടിസ്ഥാനമാക്കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നുമുണ്ട്. അതുകൊണ്ട് ഈ വിശദീകരണം.
സുരേഷ് കൊല്ലം ഫാത്തിമ കോളേജില്‍ എന്റെ സഹപാഠി ആയിരുന്നു, സൈലന്റ് വാലി സംരക്ഷിക്കാനുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി സുരേഷും എന്‍ കെ പ്രേമചന്ദ്രനും മറ്റും സഹകരിച്ചിരുന്നു. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ജീപ്പ് ജാഥാ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പലരും രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതുകൊണ്ട് ആ കാര്യങ്ങള്‍ ഇവിടെ വിശദീകരിക്കുന്നില്ല.
തന്റെ ‘സൈലന്റ് വാലി പ്രവര്‍ത്തനങ്ങള്‍ക്ക്’ ശാസ്ത്രീയമായ പിന്തുണ നല്‍കിയത് ഞാനാണെന്ന് പറയുമ്പോള്‍ മുമ്പിലിരിക്കുന്ന യുവാക്കളെ ഇമ്പ്രെസ്സ് ചെയ്യാനെന്നോണം എന്നെ എന്നെ പറ്റി വിശദീകരിക്കുന്നത് മുന്‍ നക്സലൈറ്റും സൗമ്യനും സാത്വികനും ഒരാളെയും നോവിക്കാത്തയാളും ഒക്കെയായിട്ടാണ്, അതോടൊപ്പം ‘ഒരുപാടു കേസുകള്‍ ഉണ്ടായിരുന്നയാള്‍’ എന്ന് കൂടി ചേര്‍ത്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. സുരേഷ് ഇങ്ങനെ സങ്കല്പിച്ചു വര്‍ത്തമാനം പറയാറുണ്ട് എന്നത് എല്ലാര്ക്കും അറിയണമെന്നില്ലല്ലോ. എനിക്ക് ജീവിതത്തില്‍ ഇതുവരെ ഒരു പോലീസ് കേസോ കോടതി കേസോ അനുഭവിക്കാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ ഉണ്ടായിട്ടില്ല. അകെ ഒരു കോടതിയില്‍ പോകുന്നത് മൂന്നു മാസം മുമ്പ് പാലക്കാട്ടെ പ്രത്യേക കോടതിയില്‍ expert witness ആയിട്ടു പോയതാണ്. പ്ലാച്ചിമട ഹൈ പവര്‍ കമ്മിറ്റി അംഗം എന്ന നിലയില്‍.
മകനെയും കൂടെയിരുത്തി, ധാര്‍മികതയെപ്പറ്റി സംസാരിക്കവെ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത കേസുകളെ പറ്റി പറഞ്ഞത് സുരേഷ് പിന്‍വലിക്കും എന്ന് ഞാന്‍ കരുതുന്നു. എന്റെ പക്കലുള്ള മൂന്നു നമ്പറുകളിലും ഞാന്‍ സുരേഷിനെ വിളിക്കാന്‍ നോക്കി, പക്ഷെ മൂന്നും ഉപയോഗത്തിലില്ല എന്ന് പറയുന്നു.


