മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍ അറസ്റ്റില്‍. വിവാഹം കഴിയുമ്പോള്‍ റിഫ മെഹ്നു പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് കാക്കൂര്‍ പൊലീസ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബായ് ജാഫിലിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. മരണത്തിന് രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്.
മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് റിഫയുടെ കുടുംബം പരാതി നല്‍കിയതോടെ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. തൂങ്ങി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യാ പ്രേരണകുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയിരിക്കുന്നത്.


