കെ.എസ്.ആർ.ടി.സിയിലെ ഒഴിവുകള്‍ പി.എസ്.സി നികത്തണമെന്ന് ഹൈക്കോടതി. റിസർവ് കണ്ടക്ടർ തസ്തികയിൽ എംപാനലുകാരെ ഒഴിവാക്കി പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ചവരെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. ജോലിയില്‍ തിരിച്ചെടുക്കണമെന്ന എംപാനലുകാരുടെ ആവശ്യം നിരസിച്ച കോടതി, ഇവര്‍ക്ക് കെ.എസ്.ആര്.ടി.സി വ്യാജപ്രതീക്ഷ നൽകിയെന്നും വിമര്‍ശിച്ചു.
റാങ്ക് ലിസ്റ്റിലുള്ളവരെ കണ്ടക്ടർമാരായി നിയമിക്കണമെന്ന ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ച പാലക്കാട് സ്വദേശി ആന്റണി സ്റ്റെജോ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലുകൾ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ച് വിധി. പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് കേസിലെ വിധി കെ.എസ്.ആർ.ടി.സിക്ക് ബാധകമാണെന്നും കോടതി വ്യക്തമാക്കി. ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന എംപാനൽ കണ്ടക്ടർമാരുടെ ആവശ്യം കോടതി അനുവദിച്ചില്ല.

