ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. പരാതിയ്ക്ക് ജാമ്യം നൽകിയാൽ അത് കേസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് ഉത്തരവ്. കേസ് പരിഗണിച്ച ഉടൻ തന്നെ ജാമ്യം നൽകാനാകില്ല. ട്ടിളപ്പാളി കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ, വാസു വിരമിച്ചതിനുശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു.
വാസുവിന് ജാമ്യം നൽകുന്നതിനെ എസ്ഐടി എതിർത്തിരുന്നു. ഇത് പരിഗണിച്ചാണ് കോടതി നടപടി. സ്വർണക്കൊള്ളയിൽ വാസുവിന് പങ്കുണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ.
എന്നാൽ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതിൽ തനിക്ക് പങ്കില്ലെന്നായിരുന്നു വാസുവിന്റെ വാദം. താൻ വിരമിച്ച ശേഷമാണ് പാളികൾ കൈമാറിയത്. ബോർഡിന്റെ ഉത്തരവ് ഇറങ്ങിയപ്പോഴും താൻ ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നും വാസു കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.


